കൃഷി പാഠം 1 : വിത്ത് ശേഖരണം:-


കൃഷി ചെയ്യുന്ന ഒരാൾ അതായത് ഒരു കർഷകൻ തുടക്കത്തിൽ അറിഞ്ഞിരിക്കേണ്ട  ഒന്നുതന്നെയാണ് വിത്ത് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. അതാണ് താഴെ വിശദീകരിക്കുന്നത് .

കൃഷിയിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ഗുണമേന്മയുള്ള വിത്ത് ശേഖരിക്കൽ . വിശ്വസ്ത സ്ഥാപനങ്ങളിൽ നിന്നോ അറിയാവുന്ന കർഷകരിൽ നിന്നോ മാത്രം നമുക്കാവശ്യമുള്ള വിത്തുകൾ വാങ്ങുക.

വിപണിയിൽ പ്രധാനമായും രണ്ടുതരം വിത്തുകളാണ് സാധാരണ ലഭിക്കാറ്. നാടൻ വിത്തുകളും ഹൈബ്രിഡ് വിത്തുകളും . ആദ്യമായി ഈ രണ്ടു വിത്തുകളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഒരു കർഷകൻ അറിഞ്ഞിരിക്കണം .

നാടൻ വിത്തുകളെക്കുറിച്ചു എല്ലാവർക്കും അറിവുള്ള കാര്യമാണ് . പക്ഷെ അതൊരു കവറിലാക്കി കിട്ടുമ്പോൾ  അതിന്റെ ഗുണമേന്മയോ കാലാവധിയോ നോക്കാതെയാണ് നമ്മൾ വാങ്ങാറ് . നാടൻ വിത്തുകൾക്ക് അതൊന്നും ബാധകമല്ലെന്നാണ് നമ്മുടെ വിചാരം .

നാടൻ വിത്തുകൾ ഉത്തരവാദിത്തമില്ലാത്ത കടകളിൽ നിന്നും വാങ്ങുമ്പോൾ പലപ്പോഴും കർഷകർക്ക് അബദ്ധം പറ്റാറുണ്ട് . കാലാവധി കഴിഞ്ഞ വിത്തുകളാവും അവർക്കു ലഭിക്കുന്നത് . പ്രത്യേകിച്ചു പരിചരണമില്ലാതെ വില്പനക്കെത്തുന്ന നാടൻ വിത്തുകൾ ആയതിനാൽ ആ വിത്തുകളുടെ അങ്കുരണ ശേഷി മിക്കവാറും ആറു മാസം വരെ മാത്രമേ കാണുകയുള്ളു . യാതൊരു അടിസ്ഥാന രേഖകളുമില്ലാതെ വില്പനക്കെത്തുന്ന ഇത്തരം വിത്തുകൾ നമ്മുക്ക് കിട്ടുമ്പോൾ ചിലപ്പോൾ അതിൻറെ അങ്കുരണ ശേഷി നഷ്ടപ്പെട്ടിരിക്കും. ഈ വിത്തുകൾ പാകുന്ന കർഷകർക്ക് ഒരു വർഷത്തെ അധ്വാനഫലം നഷ്ടപ്പെടുന്നു . അങ്ങനെ അവർ വലിയൊരു നഷ്ടത്തിലേക്ക് വീഴുകയും വളരെയധികം നിരാശരാവുകയും ചെയ്യുന്നു . മിക്ക കർഷകരും നാടൻവിത്തുകൾ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം അടുത്ത കൃഷിക്കു വേണ്ട വിത്തുല്പാദനം ലക്ഷ്യമിട്ടാണ്.

മാത്രമല്ല കേരളത്തിന്റെ തനതായ കാർഷിക സംസ്കാരത്തിലും പ്രാദേശിക വിത്തുകളാണ് സംരക്ഷിച്ചു വന്നിരുന്നതും കൃഷിയെ നയിച്ചിരുന്നതും . എന്നാൽ കാർഷിക ഗവേഷണ സ്ഥാപനങ്ങളുടെ വരവോടുകൂടി പുതിയ ഇനം വിത്തുകളായ , അത്യുല്പാദന ശേഷിയുള്ള ഹൈബ്രിഡ് വിത്തുകൾ വികസിപ്പിക്കുകയും കാർഷിക രംഗത്ത് വളരെ വലിയൊരു മാറ്റം സൃഷ്ടിക്കുകയും ചെയ്തു .

മിക്ക കർഷകർക്കും ഹൈബ്രിഡ് വിത്തുകളെക്കുറിച്ചു തെറ്റായ ചില ധാരണകളുണ്ട് . ഒരേയിനത്തിൽപ്പെട്ട രണ്ടിനം ചെടികളിൽ നിന്നു അങ്ങോട്ടുമിങ്ങോട്ടുമുള്ള പരാഗണത്തിലൂടെ ഉണ്ടാക്കുന്ന വിത്തുകളായ ഹൈബ്രിഡ് വിത്തുകൾ നാടൻ വിത്തുകളെക്കാൾ അത്യുല്പ്പാദന ശേഷിയുള്ളവയാണെന്ന ഗുണമാണ് കൂടുതലെങ്കിലും പിന്നീട് അത് മുളച്ചുവരുന്ന ചെടിയിൽ നിന്ന് വിത്തുകൾ എടുക്കാൻ പറ്റില്ലെന്ന ഏക പോരായ്മയാണുള്ളത് .

ഇതിനെ പലരും ജനിതകമാറ്റം വരുത്തിയ വിത്തുകളായി തെറ്റിദ്ധരിക്കപ്പെടുന്നു. മാർക്കറ്റിൽ നിന്ന് ഒരു ഹൈബ്രിഡ് സീഡ് വാങ്ങുകയാണെങ്കിൽ കൃത്യമായ മാനുഫാക്ചറിങ് തിയതിയും  ഉപയോഗം അവസാനിക്കുന്ന തിയതിയും  രേഖപ്പെടുത്തിയിരിക്കുന്നതിനാൽ നമുക്ക് വിശ്വസിക്കാൻ പറ്റും . എന്നാൽ പല നാടൻ വിത്തുകളിലും അത് രേഖപ്പെടുത്താറില്ല. വിത്ത് എന്തുതന്നെയായിരുന്നാലും അതിൽ രേഖപ്പെടുത്തിയിരിക്കുന്ന തിയതിക്ക് വലിയ പ്രാധാന്യം നൽകണം.

നാടൻ വിത്തുകളേക്കാൾ കൂടുതൽ വിളവ് ഹൈബ്രിഡ് വിത്തുകളിൽ നിന്നും ലഭിക്കുന്നു എന്നതാണ് ഇത്തരം വിത്തുകളുടെ ഗുണ മേന്മ . മാത്രമല്ല ഹൈബ്രിഡ് വിത്തുകളുടെ വരവോടുകൂടി പുതിയതരം പച്ചക്കറി ഉത്പന്നങ്ങൾ നമ്മൾ കാണുകയും ഉപയോഗിക്കുകയും ചെയ്തു തുടങ്ങി. ആധുനികതയുടെ എല്ലാ സൗഭാഗ്യങ്ങളും ഉപയോഗിക്കുന്ന നമ്മളിൽ ചിലർ ഹൈബ്രിഡ് വിത്തുകൾക്കെതിരെ മാത്രം വിമർശനങ്ങൾ അഴിച്ചുവിടാറുണ്ട്. ഹൈബ്രിഡ് വിത്തുകൾ നമ്മുടെ തനതായ പാരമ്പര്യം തകർക്കുന്നു എന്നാണ് ഇക്കൂട്ടരുടെ വാദം . പക്ഷേ അവർ ആധുനികതയുടെ മറ്റെല്ലാ സൗഭാഗ്യങ്ങളും ഉളുപ്പില്ലാതെ  ഉപയോഗിക്കുന്നുണ്ട്  താനും. അതെന്തായാലും നമ്മുടെ കൃഷിക്ക് അത് ബാധകമല്ല. മുകളിൽ പറഞ്ഞത് പോലെ നമ്മൾ കൃഷിയിലേക്കു ഇറങ്ങുമ്പോൾ അത് വലുതായാലും ചെറുതായാലും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വിത്ത് ശേഖരണമാണ്. വിത്തുകളെക്കുറിച്ചും അതിൻറെ ഉല്പാദനത്തെക്കുറിച്ചും വേറൊരു അധ്യായത്തിൽ വിശദമാക്കുന്നതാണ് .

by Sumamathu Beevi


Comments

Post a Comment

Popular posts from this blog

കൃഷിപാഠം10 : തെളി വളങ്ങൾ ഉണ്ടാക്കുന്ന വിധം

കൃഷിപാഠം11: തെളി വളങ്ങൾ ഉണ്ടാക്കുന്ന വിധം -2

കൃഷിപാഠം 2: വിത്ത് പാകൽ

Agricultural knowledge ..... Let's go to the field!