കൃഷിപാഠം 2: വിത്ത് പാകൽ
വിത്തുകൾ പാകുന്ന രീതിയാണ് ഇവിടെ വിശദമാക്കുന്നത്.
നമ്മൾ അടുത്തതായി
ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യം തീർച്ചയായും വിത്ത് പാകൽ തന്നെയാണ് . എങ്ങനെയാണ്
വിത്ത് പാകുക , പാകുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളാണ്
ഈ അദ്ധ്യായത്തിൽ പറയുന്നത്. നമുക്ക് നിസ്സാരമായി തോന്നുന്ന പല കാര്യങ്ങളും കൃഷിയിൽ
വളരെ പ്രധാനപ്പെട്ടവയാണ്. പറയുന്നവർക്ക് വളരെ നല്ല ഭാഷയിൽ ഉപദേശങ്ങൾ നൽകുവാൻ സാധിക്കുമെങ്കിലും
പല ചെറുകിട കർഷകർക്കും വിത്ത് പാകൽ പോലും വളരെ പ്രയത്നമേറിയ കാര്യമായാണ് എൻറെ അനുഭവത്തിൽ
കണ്ടിട്ടുള്ളത് . പലരും വിത്തുകൾ വാങ്ങിപ്പോയതിനു
ശേഷം സ്ഥിരം കേൾക്കുന്ന പല്ലവിയാണ് ഒറ്റ വിത്തുപോലും മുളച്ചില്ല എന്നുള്ളത് . എന്താണിതിനു
കാരണം എന്നതാണ് നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് .
ആദ്യം പറഞ്ഞതുപോലെ ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. എപ്പോഴും നേരിട്ട് കൃഷിയിടത്തിലേക്ക് വിത്ത് പാകുന്നതിനേക്കാൾ നല്ലത് പാകി മുളപ്പിച്ചു പറിച്ചുമാറ്റി നടുന്നതാണ്. ഇതിലൂടെ, മുളച്ചു വരുന്നതിൽ നിന്നും നല്ല തൈകൾ കണ്ടെത്തി കൃഷിയിടത്തിലേക്ക് നടുവാൻ സാധിക്കും. ഇത് കൂടുതലും ചെറുകിട കർഷകരെ ഉദ്ദേശിച്ചുള്ളതാണ് .
വിത്ത് പാകുവാൻ ഒരുപാടു
വളത്തിന്റെയോ മരുന്നിന്റെയോ ആവശ്യമില്ല. നല്ല ഇളക്കമുള്ള മണ്ണിൽ അല്പം ചാണകപ്പൊടി കലർത്തി
അതിൽ ഫങ്ങസ് വരാതിരിക്കുവാനായി ഏതെങ്കിലും മരുന്ന് ഉപയോഗിച്ചു വേണം വിത്ത് പാകുവാൻ.
മണ്ണിന്റെ ഇളക്കത്തിനായി മണലോ ചകിരിച്ചോറോ മണ്ണിനൊപ്പം കലർത്തുന്നത് നന്നായിരിക്കും.
ശുദ്ധമായ ചകിരിച്ചോർ ആണെങ്കിൽ അതിലേക്ക് അല്പം
ചാണകപ്പൊടിയും ഫങ്കസിനുള്ള മരുന്നും ചേർത്ത് തയ്യാറാക്കിയ മിശ്രിതത്തിലേക്ക്
വിത്തുകൾ പാകി മുളപ്പിക്കാം.
വിത്തുകൾ പാകുന്ന മിശ്രിതത്തിലേക്ക് നിർബന്ധമായും ഫങ്കസിനുള്ള മരുന്ന് ചേർക്കാൻ പറയുന്നതിന് കാരണം ചിലപ്പോൾ മണ്ണിലെ നനവിൽ വിത്തുകൾ ഫങ്കസ് ബാധിച്ചു ചീഞ്ഞുപോകുവാൻ ഇടയുണ്ട്. തീർച്ചയായും അങ്ങനെ സംഭവിക്കും. സ്യൂഡോമോണസ് ആണ് ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്ന ജൈവ കുമിൾ നാശിനി. ഇത് സൂക്ഷ്മാണു വിഭാഗത്തിലാണ് വരുന്നത്. ഇതിനെക്കുറിച്ചു വേറൊരു അദ്ധ്യായത്തിൽ വിശദമാക്കാം. വിത്തുകൾ പാകുവാൻ തയ്യാർ ചെയ്ത മിശ്രിതത്തിൽ ഒരാഴ്ചമുന്നേ സ്യൂഡോമോണസ് വിതറി ശുദ്ധിയാക്കുന്നത് വളരെ നല്ലതാണു.
ഇങ്ങനെ തയ്യാർ ചെയ്ത മിശ്രിതം ചെറിയ കവറുകളിലോ കപ്പുകളിലോ അതുമല്ലെങ്കിൽ ചെറിയ കുഴികളുള്ള സീഡ്ലിംഗ് ട്രേകളിലോ നിറച്ചു വിത്തുകൾ പാകാം. ഇങ്ങനെ പാകിയ വിത്തുകൾ ഉറുമ്പിൽ നിന്നും സംരക്ഷണം നൽകി അധികം വെയിലടിക്കാത്ത സ്ഥലത്തേക്ക് മാറ്റി വയ്ക്കാം. ചില വിത്തുകൾ അതായതു ചീര , കത്തിരി, വഴുതന, മുളക്, തക്കാളി, ക്യാബേജ്, കാരറ്റ്, കോളിഫ്ലവർ തുടങ്ങിയവ പോലുള്ള വിത്തുകൾ ഉറുമ്പുകൾ കൊണ്ടുപോകും. വിത്തുകൾ മുളക്കാതെ വരുമ്പോൾ നമ്മൾ വിത്ത് മോശമാണെന്നു തെറ്റിദ്ധരിക്കും. പക്ഷെ അങ്ങനല്ല അത് ചിലപ്പോൾ ഉറുമ്പുകൾ തിന്നതാകാം.
ചീര വിത്താണ് എങ്കിൽ തടം പിടിച്ചു അകലത്തിൽ വിതറി മുളപ്പിച്ചു അവിടെ തന്നെ വളർത്താം. ഇതിനൊരുക്കുന്ന തടം വളരെ മുകളിൽ പറഞ്ഞ രീതിയിൽ തയ്യാറാക്കണം. ചീര തൈകൾ നാലോ അഞ്ചോ ഇല പരുവമാകുമ്പോൾ അടുത്തടുത്ത് നിൽക്കുന്നത് പറിച്ചു മാറ്റി നടണം. അല്ലെങ്കിൽ ഒരെണ്ണം നന്നായി വളരുകയും അതിനു ചുറ്റുമുള്ളവ മുരടിച്ചു പോകുകയും ചെയ്യും.
ഇങ്ങനെ നമ്മൾ മുളപ്പിച്ചെടുക്കുന്ന തൈകൾ നാലോ അഞ്ചോ ഇല പരുവമാകുമ്പോൾ കൃഷിയിടത്തിലേക്കു മാറ്റി നടണം. കൃഷിയിടമായാലും ഗ്രോബാഗിലായാലും മണ്ണ് തയ്യാറാക്കുന്നത് വളരെ കൃത്യമായി അറിഞ്ഞിരിക്കണം.
വിത്തുകൾ പാകുമ്പോൾ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് വളരെ കുറച്ചു വളവും ചെറിയ നനവും മണ്ണിൽ മതിയാകും. ഒരുപാടു വളവും വെള്ളവും വിത്തുകൾ ചീഞ്ഞു പോകുന്നതിനിടയാക്കും. വിത്തുകൾ പാകി കഴിഞ്ഞതിനു ശേഷം വളരെ പതുക്കെ മാത്രമേ വെള്ളം ഒഴിക്കുവാൻ പാടുള്ളു. ശക്തമായ വെള്ളമൊഴിക്കൽ വിത്തുകൾ തെറിച്ചുപോകുവാൻ ഇടയാക്കും.
തൈകൾ നടുവാനുള്ള മണ്ണൊരുക്കൽ എങ്ങനെ എന്ന് അടുത്ത അധ്യായത്തിൽ വിശദമാക്കാം.
by Sumamathu Beevi


Keep going
ReplyDeleteFollow me
ReplyDelete