കൃഷിപാഠം 3 : മണ്ണൊരുക്കൽ

 

പച്ചക്കറിക്കുവേണ്ട മണ്ണൊരുക്കൽ 

നമ്മൾ ഇതിലൂടെ അറിയാൻ പോകുന്നതും വളരെ പ്രധാനപ്പെട്ട കാര്യമായ തൈകൾ പറിച്ചുമാറ്റി നടുവാൻ വേണ്ട മണ്ണൊരുക്കൽ അഥവാ നിലമൊരുക്കൽ ആണ്. പോട്ടിങ് മിക്സ് തയ്യാറാക്കൽ എന്ന് ചുരുക്കം. നമുക്ക് ആദ്യം ഗ്രോബാഗിലേക്ക് വേണ്ട മണ്ണ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഏതുതരം മണ്ണും നിലത്തുനിന്നും എടുത്തു ഒരു ചട്ടിയിലോ ഗ്രോബാഗിലോ നിറച്ചാൽ അത് പെട്ടെന്ന് കട്ടപിടിച്ചു ചെടികളുടെ വേരോട്ടം തടയും. ആയതിനാൽ തന്നെ മണ്ണൊരുക്കുന്നതു എങ്ങനെ എന്ന് ഒരു കർഷകൻ അറിഞ്ഞിരിക്കണം. നല്ലൊരു പോട്ടിങ് മിക്സ് തയ്യാറാക്കണമെങ്കിൽ മണ്ണ് , ചകിരിച്ചോർ അല്ലെങ്കിൽ ആറ്റുമണൽ , ചാണകം എന്നിവ കൃത്യമായ അളവിൽ ചേർക്കണം. ഇതു മൂന്നും 2:1:1 എന്ന അനുപാതത്തിൽ വേണം ചേർക്കുവാൻ . അങ്ങോട്ടോ ഇങ്ങോട്ടോ അല്പം കൂടിപ്പോയി എന്ന് കരുതി കുഴപ്പം വരില്ല. കൃത്യമായ അനുപാതമാണ്  2:1:1 എന്നത്. അനുപാതത്തിൽ അതായതു മണ്ണ് 2 ഭാഗം, ചകിരിച്ചോർ അല്ലെങ്കിൽ ആറ്റുമണൽ 1 ഭാഗം, ചാണകപ്പൊടി 1 ഭാഗം എന്ന അളവിൽ  ഇവ മൂന്നും കൂട്ടിക്കലർത്തി അതിലേക്ക് കുറച്ചു എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്താൽ അടിസ്ഥാനപരമായ എല്ലാ വളങ്ങളും ചേർന്നൊരു നല്ലൊരു പോട്ടിങ് മിക്സ് ആയി. ഇങ്ങനെ കൂട്ടിയെടുത്ത മണ്ണിലേക്കുവേണം മുളച്ചു വന്ന നമ്മുടെ പച്ചക്കറി തൈകൾ നടുവാൻ.


ഇതിൽ നമ്മൾ ചകിരിച്ചോർ അല്ലെങ്കിൽ ആറ്റുമണൽ ചേർക്കുന്ന കാര്യം പറഞ്ഞു. അതെന്തിനാണെന്നാൽ മണ്ണ് കട്ടപിടിക്കാതിരിക്കാനും ചെടികളുടെ വേരോട്ടം സുഗമമാക്കുന്നതിനുമാണ്. ആറ്റുമണലിനു വിലക്കൂടുതൽ ആയതിനാലാണ് ചകിരിച്ചോർ ചേർക്കുന്നത്. മാത്രമല്ല ഈർപ്പം നിലനിർത്താൻ ചകിരിചോർ നല്ലതായും കണ്ടുവരുന്നു.

നമ്മൾ വിത്തുകൾ പാകുമ്പോൾ തന്നെ മണ്ണ് ഒരുക്കിയിടുന്നത് നല്ലതായിരിക്കും. പോട്ടിങ് മിക്സ് തയ്യാറാക്കുവാൻ വേണ്ട മണ്ണ് നല്ലോണം വെയിലത്തു ഉണക്കി അണുവിമുക്തമാക്കണം. അതിനുശേഷം ഉണക്കിയെടുത്ത മണ്ണും ചാണകപൊടിയും ചകിരിച്ചോറും നേരത്തെ പറഞ്ഞ അനുപാതത്തിൽ കൂട്ടിക്കലർത്തി അതിൽ ട്രൈക്കോഡെർമ എന്ന സൂക്ഷ്മാണു ചേർത്ത് ചെറിയ നനവിൽ തണലത്തു രണ്ടാഴ്ചയോളം മൂടി ഇടണം. ട്രൈക്കോഡെർമ നല്ലൊരു മണ്ണ് സംരക്ഷിക്കുന്ന ഫങ്കസ് വിഭാഗത്തിൽ വരുന്ന സൂക്ഷ്മാണുവാണു. ഇങ്ങനെ മൂടിയിടുമ്പോൾ ചെറിയ നനവിൽ ട്രൈക്കോഡെർമ പെരുകി അതിൽ നിറഞ്ഞു മണ്ണ് ശുദ്ധിയാക്കും. അതായതു ദോഷകാരിയായിട്ടുള്ള ഫങ്കസുകളെ നശിപ്പിക്കും.  ട്രൈക്കോഡെർമ എന്ന സൂക്ഷമാണുവിനെകുറിച്ച് വിശദമായി മറ്റൊരു അദ്ധ്യായത്തിൽ പറയാം.


വിത്ത് മുളച്ചു തൈകൾ പറിച്ചുമാറ്റുന്ന പരുവമാവുമ്പോഴേക്കും നമ്മൾ തയ്യാറാക്കി മൂടിയിട്ടിരിക്കുന്ന പോട്ടിങ് മിക്സ് അണുവിമുക്തമായി ശുദ്ധമായിട്ടുണ്ടാവും. ഇതിൽ എല്ലുപൊടിയും വേപ്പിന്പിണ്ണാക്കും ആവശ്യത്തിന് കൂട്ടിച്ചേർത്തു ചട്ടിയിലോ ഗ്രോബാഗിലോ നിറച്ചു പച്ചക്കറി തൈകൾ നടാം. ഇങ്ങനെ തയ്യാർ ചെയ്ത പോട്ടിങ് മിക്സിലേക്ക് ഒരു പച്ചക്കറി തൈ നട്ടുകഴിഞ്ഞാൽ പിന്നെ രണ്ടുമാസത്തേക്കു മറ്റുവളങ്ങൾ ചേർക്കേണ്ട ആവശ്യമില്ല. കാരണം ജൈവ വളങ്ങൾ വളരെ പതുക്കെ മാത്രമേ മണ്ണിൽ അലിഞ്ഞു ചേർന്ന് വേരുകൾക്ക് വലിച്ചെടുക്കുന്ന പരുവത്തിൽ ആവുകയുള്ളൂ. നമ്മൾ തയ്യാറാക്കിയ പോട്ടിങ് മിക്സ് പച്ചക്കറികൾക്കായുള്ളതാണ്. മറ്റു അലങ്കാര ചെടികൾക്കാണെങ്കിൽ ചകിരിചോറിന്റെ സ്ഥാനത്തു ആറ്റുമണൽ ചേർക്കുന്നതാണ് ഉത്തമം. അതിനെക്കുറിച്ചും മറ്റൊരു അവസരത്തിൽ വിശദമാക്കാം.

ഇതിൽ എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ട്രൈക്കോഡെര്മയുമൊക്കെ ചേർക്കുന്ന കാര്യം പറഞ്ഞിരുന്നു അത് ഏതൊക്കെ അളവിലാണെന്നു അടുത്ത അദ്ധ്യായത്തിൽ വിശദമാക്കാം.

നിലമാണ് കൃഷിക്കുവേണ്ടി ഒരുക്കുന്നതെങ്കിൽ ഏകദേശം ഇതുപോലൊക്കെ തന്നെ ചെയ്യേണ്ടി വരുന്നു. കൃഷിക്കുവേണ്ട സ്ഥലം നന്നായി വെട്ടിക്കിളച്ചു വലിയ കല്ലുകൾ മാറ്റി അവിടേക്കു വേണമെങ്കിൽ  മണ്ണിന്റെ ഇളക്കത്തിന് കുറച്ചു ചകിരിച്ചോറോ ആറ്റുമണലോ ഇടാം. നല്ല ഇളക്കമുള്ള മണ്ണാണെങ്കിൽ ഇവ ചേർക്കേണ്ട ആവശ്യം ഇല്ല. അതിലേക്ക് ചാണകപ്പൊടിയും ട്രൈക്കോഡെര്മയും മിക്സ് ചെയ്തു രണ്ടാഴച്ചയോളം മൂടി ഇടുക. അതിനു ശേഷം എല്ലുപൊടിയും വേപ്പിന്പിണ്ണാക്കും ചേർത്ത് തൈകൾ പറിച്ചുമാറ്റി നടാം.


by Sumamathu Beevi

Comments

Popular posts from this blog

കൃഷിപാഠം10 : തെളി വളങ്ങൾ ഉണ്ടാക്കുന്ന വിധം

കൃഷിപാഠം11: തെളി വളങ്ങൾ ഉണ്ടാക്കുന്ന വിധം -2

കൃഷിപാഠം 2: വിത്ത് പാകൽ

കൃഷി പാഠം 1 : വിത്ത് ശേഖരണം:-

Agricultural knowledge ..... Let's go to the field!