കൃഷിപാഠം 4 : സൂക്ഷ്മാണുക്കളെക്കുറിച്ച് ഒരു വിവരണം 1
ആധുനിക കൃഷിയിൽ വ്യാപകമായി ഉപയോഗിക്കുന്ന രാസവളങ്ങളും , കീടനാശിനികളും ഗുണത്തേക്കാളേറെ ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നതെന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി ജൈവകൃഷിയിൽ നിന്നും ഒഴിച്ചുകൂടാൻ പറ്റാത്തതാണ് സൂക്ഷ്മാണുവിഭാഗത്തിലെ മിത്ര ബാക്റ്റീരിയകളും മിത്ര ഫങ്കസുകളും.
വിത്തുകൾ നടുമ്പോഴും പോട്ടിങ് മിക്സ് തയ്യാറാക്കുമ്പോഴും സ്യൂഡോമോണസ്, ട്രൈക്കോഡർമ പോലുള്ള മിത്ര സൂക്ഷ്മാണുക്കൾ ഉപയോഗിക്കുന്നതിനെക്കുറിച്ചു പറഞ്ഞിരുന്നു. അവ എന്താണെന്നും അവയുടെ ഉപയോഗക്രമം എങ്ങിനെയാണെന്നുമാണ് ഈ അദ്ധ്യായത്തിൽ വിശദീകരിക്കുന്നത്.
സ്യൂഡോമോണസ്: പച്ചക്കറി വിളകളെയും ചെടികളെയും ബാധിക്കു പ്രധാനപ്പെട്ട കുമിൾ രോഗങ്ങളെ പ്രതിരോധിക്കാനും അവയെ ഫലപ്രദമായി നിയന്ത്രിക്കാനും ജൈവകൃഷിയിൽ ഉപയോഗിച്ചുവരുന്ന മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണസ്. ഇത് രണ്ടു തരത്തിൽ വിപണിയിൽ ലഭ്യമാണ്. പൊടി രൂപത്തിലും , ദ്രവരൂപത്തിലും. പൊടി രൂപത്തിൽ ലഭിക്കുന്ന സ്യൂഡോമോണസ് നേരിട്ടും വെള്ളത്തിൽ കലക്കിയും രണ്ടുവിധത്തിൽ കൃഷിയിടങ്ങളിലും
ചെടികളിലും ഉപയോഗിക്കാം. മണ്ണിലാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു ചെടിയുടെ ചുവട്ടിൽ 20 ഗ്രാം വിതറാം. വെള്ളത്തിൽ കലക്കിയാണ് ചെടികളിൽ തളിക്കുന്നതെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം കലക്കി ചെടികളിൽ തളിക്കാം. ദ്രവ രൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒരുലിറ്റർ വെള്ളത്തിൽ 5 മില്ലിഗ്രാം എന്ന അളവിൽ കലർത്തിവേണം ചെടികളിൽ തളിക്കുവാൻ.ഇങ്ങനെ ഉപയോഗിക്കുന്ന സ്യൂഡോമോണസ് ചെടിയുടെ വേരിൽ മാത്രമല്ല തണ്ടിലും ഇലയിലും എല്ലാ ഭാഗത്തും അധിവസിക്കുകയും ഇവ ആ ഭാഗങ്ങളിലെ കീടങ്ങളെ തുരത്തുന്നു. അഞ്ച് തരത്തിലുള്ള ആന്റിബയോട്ടിക്കുകളുടെ ഉത്പാദകരുമാണ് സ്യൂഡോമോണസ്. അത് മാത്രമല്ല രോഗാണുക്കൾക്ക് അയണിന്റെ ലഭ്യത മുഴുവനായും തടയുന്ന രാസവസ്തു സ്യൂഡോമോണസ് ഉത്പാദിപ്പിക്കുകയും ഇവയിൽ നിന്നുണ്ടാകുന്ന ഒരുതരം എന്‍സൈം രോഗകീടങ്ങളുടെ കോശഭിത്തികളെ ദ്രവിപ്പിച്ചും അവയെ കൊന്നൊടുക്കുന്നു.
കാര്‍ഷിക വിളകളെ
ബാധിക്കുന്ന പോളരോഗം, ദ്രുതവാട്ടം, ഇലവാട്ടം,
ഇഞ്ചിയുടെ വേരഴുകല്, ഇലപ്പുള്ളിരോഗം എന്നിവയ്ക്കെതിരെ സ്യൂഡോമോണസ് ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നു. വിത്തുകൾ നടുമ്പോൾ നനച്ച
വിത്തിലേക്ക് പൊടി രൂപത്തിലുള്ള സ്യൂഡോമോണസ്
ചേര്‍ത്ത് കൂട്ടിക്കുഴച്ച്
തണലത്ത് പതിനഞ്ചു മിനിട്ടു ഉണക്കിയ ശേഷമാണ്
വിത്തുകള്‍ നടേണ്ടത്. മുളപ്പിച്ച് പറിച്ചുമാറ്റി
നടുന്ന പച്ചക്കറിത്തൈകളായ മുളക്, വഴുതന, തക്കാളി,
ചീര, കാബേജ്, കോളഫഌവര്,
ബ്രോക്കോളി എന്നിവയുടെ വേര് കട്ടികൂടിയ
സ്യൂഡോമോണസ് ലായനിയിൽ മുക്കി 15 മിനിറ്റ്
വച്ചശേഷം മാറ്റി നടാം. ഇങ്ങനെ
മാറ്റി നട്ട ചെടികളിലോ അവയുടെ
ചുവട്ടിലോ ഒരു മാസം
കഴിഞ്ഞതിനു ശേഷം മുകളിൽ പറഞ്ഞ
അളവിൽ സ്യൂഡോമോണസ് ഉപയോഗിക്കാം.
ബാക്ടീരിയല്‍ വാട്ടം കാണുന്ന സ്ഥലങ്ങളില്‍ പതിനഞ്ചു ദിവസത്തിലൊരിക്കല്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യണം. ഇങ്ങനെയാണ് സ്യൂഡോമോണസ് മിത്ര ബാക്ടീരിയയുടെ ഉപയോഗ രീതി. എല്ലാ രണ്ടാഴ്ചയിൽ ഒരിക്കൽ സ്യൂഡോമോണസ് ചെടികളിൽ ഉപയോഗിക്കുന്നത് വളരെ നല്ലതായി കണ്ടു വരുന്നു.
ട്രൈക്കോഡെർമ
ജൈവ കീടാണുകൃഷിയില് കുമിള്‍ രോഗങ്ങളെ, പ്രത്യേകിച്ചും മണ്ണില്‍ക്കൂടി പകരുന്നവയെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മിത്രകുമിളാണ് ട്രൈക്കോഡർമ.
ഇത് വളര്‍ത്തിയെടുക്കുകയാണ് ചെയ്യുക. നന്നായി ഉണക്കിപ്പൊടിച്ച ചാണകത്തിൽ ട്രൈക്കോഡെർമ വിതറി ചെറുതായി നനച്ചു തണലിൽ ഒരു ചാക്കിട്ടു മൂടിയിട്ടാൽ രണ്ടാഴ്ചയ്ക്കകം അതിൽ മിത്ര കുമിളുകൾ നന്നായി വളരും. ഈ ചാണകമാണ് നമ്മൾ അടിവളമായി ഉപയോഗിക്കുന്നതെങ്കിൽ കുമിൾ രോഗങ്ങളെ ഫലപ്രദമായി തടയാൻ കഴിയും. അതുകൊണ്ടുതന്നെ നമുക്ക് ട്രൈക്കോഡെർമയെ മണ്ണിന്റെ സംരക്ഷകൻ എന്ന് വിളിക്കാം.
ഇത്തരംസൂക്ഷ്മാണുക്കൾ ഉപയോഗിക്കുന്ന സമയം മറ്റു കീടനാശിനികൾ, ക്ലോറിൻ കലർന്ന വെള്ളം എന്നിവ ഉപയോഗിക്കാതിരിക്കുന്നതു ഉത്തമം. ഇവ സൂക്ഷ്മ ജീവികൾ ആയതിനാൽ നശിച്ചുപോകാൻ ഇടയുണ്ട്.
സൂക്ഷമാണു വിഭാഗത്തിൽ വരുന്ന റൈസോബിയം, അസറ്റോബാക്ടർ, ബിവേറിയ ബാസിയാന, വെർട്ടിസീലിയം, മൈക്കോറൈസ, അസസ്പെരില്ലം എന്നിവയെക്കുറിച്ചും വരും അദ്ധ്യായങ്ങളിൽ വിശദീകരിക്കാം.
by Sumamathu Beevi
നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
ReplyDelete