കൃഷിപാഠം 6 : മേൽവള പ്രയോഗത്തിന് ഏതെല്ലാം വളങ്ങൾ....
ഇന്ന് വിപണിയിൽ ലഭിക്കുന്ന ജൈവ വളങ്ങൾ ഏതെല്ലാമെന്നും അതിൽ നിന്നും നമുക്കാവശ്യമുള്ള വളങ്ങൾ എങ്ങനെ തിരിച്ചറിയാമെന്നതുമാണ് ഈ അദ്ധ്യായത്തിൽ വിശദമാക്കുന്നത്.
സാധാരണയായി വിപണിയിൽ കിട്ടുന്ന ജൈവവളങ്ങളാണ് ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിൻകാഷ്ഠം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ആവണക്കിൻപിണ്ണാക്കു, മണ്ണിര കമ്പോസ്റ്റ് എന്നിവ. ചാരവും ജൈവവളങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഒന്നാണ്. ജൈവ ഫാക്ടറികളിൽ നിന്നും അറവുശാലകളിൽ നിന്നും പുറം തള്ളുന്ന അവശിഷ്ടങ്ങൾ ഉണക്കിപ്പൊടിച്ചും ജൈവ വളങ്ങൾ ഉണ്ടാക്കുന്നു. പച്ചിലചെടികളും പയറു വർഗ വിളകളും ഉണക്കി പൊടിയാക്കിയതും കരിയില പൊടിയുമൊക്കെ ജൈവവളങ്ങൾ ആയി ഉപയോഗിക്കുന്നു. ഇതെല്ലാം കൂട്ടിയോജിപ്പിച്ച, പല കമ്പനികൾ ഇറക്കുന്ന ജൈവ വളക്കൂട്ടുകൾ പലപേരുകളിലും വിപണിയിൽ നിന്നും കിട്ടുന്നു. പക്ഷെ ജൈവ കൃഷി ആഗ്രഹിക്കുന്നവർക്ക് ജൈവ വള കൂട്ടുകൾ വിശ്വസിച്ചു വാങ്ങുവാൻ സാധ്യമല്ല. കാരണം ഓരോ കമ്പനികളും അവരുടെ വളക്കൂട്ടുകൾ ഏറ്റവും നല്ലത് എന്ന് കാണിക്കുവാൻ അതിൽ രാസവളങ്ങൾ ചെറിയ തോതിൽ മിക്സ് ചെയ്യുന്നു. ആയതിനാൽ അത്തരം വളങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള കൃഷിയെ സമ്പൂർണ ജൈവകൃഷിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ല.
ഇതിനെല്ലാം പുറമെ
നമ്മുടെ വീട്ടിൽ തന്നെ ഒരു അടുക്കള മാലിന്യ സംസ്കരണ യൂണിറ്റ് ഉണ്ടെങ്കിൽ വീട്ടിലെ ജൈവ
അവശിഷ്ട്ടംകൊണ്ട് നമുക്കും ജൈവ വളം ഉണ്ടാക്കാം. നമ്മുടെ അടുക്കളത്തോട്ടത്തിനു അത് തന്നെ
ധാരാളം. എന്റെ അനുഭവത്തിൽ നിന്നും ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഏതു ചെടിക്കും
അതിന്റെ ജീവിത കാലയളവ് അനുസരിച്ചും അതിന്റെ സ്വഭാവം അനുസരിച്ചുമുള്ള വള പ്രയോഗം മതിയാകുമെന്ന്.
അതുകൊണ്ടു തന്നെ അമിത വളപ്രയോഗം ഒരു ചെടിയെ ഒരിക്കലും വളർത്തില്ല. പ്രത്യേകിച്ച് ചട്ടിയിലോ
ഗ്രോ ബാഗിലോ ചെയ്യുന്ന കൃഷിക്ക്. ഒരു കൃഷിയിലെ വളപ്രയോഗം പഠിച്ചു തന്നെ ചെയ്യണം. അനുഭവം
നമ്മെ പഠിപ്പിക്കുമെങ്കിലും.
ഇന്ന് വിപണിയിൽ വളങ്ങളുടെയും
കീടനാശിനികളുടെയും പ്രളയമാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വിൽക്കുന്നത് പോലെയാണ്
കാർഷിക രംഗത്തും നടന്നുകൊണ്ടിരിക്കുന്നത്. ഒരേ ജൈവ വളക്കൂട്ടുകൾ തന്നെ കലർത്തി പുതിയ
പേരിൽ വിപണിയിൽ ഇറക്കുന്നു. രാസ കീടനാശിനിയിൽ നിന്നും രക്ഷപ്പെടാനാണ് നമ്മൾ സ്ഥലമില്ലെങ്കിൽ
പോലും മട്ടുപ്പാവ് കൃഷി വളരെ താല്പര്യത്തോടെ ചെയ്തുവരുന്നത്. പക്ഷെ വിപണയിൽ നിന്നും
കിട്ടുന്ന പല വളങ്ങളും മരുന്നുകളും നമ്മൾ തോന്നിയ പോലെ വാങ്ങി ഉപയോഗിക്കുന്നു. ഇതിൽ
ഏതാണ് ജൈവം , ഏതാണ് രാസം എന്ന് പോലും നോക്കാറില്ല. നമ്മുടെ ചെടികളെ നശിപ്പിക്കുന്ന
കീടങ്ങളെ പെട്ടെന്ന് കൊല്ലാനും , ചെടികൾ വളരെ പെട്ടെന്ന് തഴച്ചു വളരാനും നമ്മൾ കണ്ണിൽ
കാണുന്ന എല്ലാം വാങ്ങുന്നു. അതിനാൽ തന്നെ ഇന്നത്തെ അടുക്കള തോട്ട കൃഷിക്കാർ ഉപയോഗിക്കുന്നതിൽ
കൂടുതലും രാസവളങ്ങളും രാസ കീടനാശിനികളുമാണെന്നു ഞാൻ നിസ്സംശയം പറയും.
മണ്ണിൽ സൂക്ഷ്മാണുക്കളെ
വളരാൻ അനുവദിച്ചാൽ തന്നെ കൃഷി വിജയിക്കും. അതുനിവേണ്ടത് ജൈവ വളങ്ങളും പാഴ്ചെടികളും
തന്നെയാണ്. നമ്മൾ വളങ്ങൾ വാങ്ങുമ്പോൾ അത് ഏതു തരം വളമാണെന്നു ഉറപ്പു വരുത്തുക. ഏതു
തരം വളവും ഒരു പാക്കറ്റിൽ ആണെങ്കിൽ അതിലെ ജൈവ വള കൂട്ടുകൾ വ്യക്തമായി എഴുതിയിരിക്കും.
അങ്ങനെ എഴുതിയിട്ടില്ലാത്ത വളങ്ങൾ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ വാങ്ങാതിരിക്കുക.
അടുത്ത അദ്ധ്യായത്തിൽ തുടരും....
Comments
Post a Comment