കൃഷിപാഠം 7 : മേൽവളം ഏതെല്ലാം അളവിൽ എപ്പോഴൊക്കെ

 സാധാരണ നമ്മുടെ കൃഷിക്ക് വേണ്ടതും, വിപണിയിൽ ലഭ്യമാകുന്ന അനുയോജ്യമായ വളങ്ങൾ ഏതെല്ലാമെന്നും ഏകദേശ ധാരണ മിക്കവർക്കും ഉണ്ടായിരിക്കും. അതിന്റെ പ്രയോഗം ശരിയായ രീതിയിൽ അല്ലെങ്കിലാണ്  കൃഷി പരാജയമാകാൻ കാരണം. അടിസ്ഥാന വളങ്ങൾ ശരിയായ രീതിയിൽ ചേർത്തൊരുക്കിയ മണ്ണിലേക്കാണ് പച്ചക്കറി തൈകൾ പറിച്ചു മാറ്റിയിട്ടുള്ളതെങ്കിൽ നേരത്തെ പറഞ്ഞത് പോലെ ഒന്നര-രണ്ടു മാസത്തിനു ശേഷം മാത്രം മേൽവളം പ്രയോഗിച്ചാൽ മതിയാകും. അപ്പോഴേക്കും ചെടികളുടെ വേരുകൾ ശക്തിയിൽ വളർന്നു മണ്ണിൽ അലിഞ്ഞു വരുന്ന അടിസ്ഥാന വളങ്ങൾ ആഗിരണം ചെയ്യുന്ന അവസ്ഥയിൽ എത്തിയിരിക്കും. മാത്രമല്ല ഏത് ചെടികൾക്കും വളരെ കുറച്ചു വളങ്ങളുടെ ആവശ്യമേ ഉള്ളു. എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും പഴകിയ ചാണകപ്പൊടിയുമൊക്കെ കൂട്ടിക്കലർത്തി കൊടുക്കുന്നത് തന്നെ മേൽവള പ്രയോഗത്തിന്  ധാരാളം.


ഒരുകുട്ട പഴകിപ്പൊടിഞ്ഞ ചാണകപ്പൊടിയിൽ (ഏകദേശം 10 കിലോ) ഒരുകിലോ വീതം എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും  കൂട്ടിക്കലർത്തി 300 ഗ്രാം അളവിൽ ഓരോ ചെടികൾക്കും ചുറ്റും രണ്ടാഴ്ചയിലൊരിക്കൽ പ്രയോഗിച്ചാൽ മതിയാകും. ഇതിൽ കൂടുതൽ വളങ്ങൾ ഇല്ലെങ്കിൽപോലും ഇങ്ങനെ നടത്തുന്ന വളപ്രയോഗത്തിലൂടെ വളരുന്ന ഒരു പച്ചക്കറി ചെടിയിൽ നിന്നും വളരെ നല്ല വിളവ് തന്നെ നമുക്ക് ലഭിക്കുന്നു. ഇതിന്റെ കൂടെ കോഴിക്കാഷ്ഠം കൊടുക്കുന്നവരും ഉണ്ടാകും. കോഴിക്കാഷ്‌ഠത്തിൽ ഉപ്പിന്റെ അംശം കൂടുതൽ ആയതിനാൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഒരു ചെടിയുടെ ചുവട്ടിലേക്ക് ഇടാവു. അതായതു ഒരു പച്ചക്കറി തൈക്കാണെങ്കിൽ ഒന്നോ രണ്ടോ ടീ സ്പൂൺ അളവിൽ രണ്ടാഴ്ചയിലൊരിക്കൽ കൊടുത്താൽ മതിയാകും. ഏത് വളം ഇട്ടാലും അത് ചുറ്റിനും ചെടിയുടെ തണ്ടിൽ നിന്നും മാറി വേണം ഇടുവാൻ. ചില വളങ്ങൾ അതായത്കോഴിക്കാഷ്ഠം പോലുള്ളവ ചിലപ്പോൾ മണ്ണിൽ അലിഞ്ഞു ചേരുമ്പോൾ വേര് ചീയാൻ കാരണമാകും.

ഇതിനിടക്ക് നിർബന്ധമല്ലെങ്കിൽ പോലും വേണമെങ്കിൽ  ചെറിയ തോതിൽ ദ്രവ രൂപത്തിലുള്ള വളങ്ങളും നേർപ്പിച്ചു നൽകാം. ദ്രാവക രൂപത്തിലുള്ള വളങ്ങൾ നേർപ്പിക്കുന്നതിലാണ് പലർക്കും പിഴവ് പറ്റുന്നത്. പല തരത്തിലുള്ള ലായനി വളങ്ങൾ വിപണയിൽ നിന്നും കിട്ടുന്നതു കൂടാതെ നമുക്ക് വീട്ടിലും അത് നിർമ്മിച്ചെടുക്കാൻ സാധിക്കുന്നു.

ദ്രവ രൂപത്തിലുള്ള വളങ്ങളെ ക്കുറിച്ചും അതിന്റെ പ്രയോഗ രീതികളെക്കുറിച്ചും അടുക്കളമാലിന്യത്തിൽ നിന്നും വളം ഉണ്ടാക്കുന്നതിനെക്കുറിച്ചും തുടർ അധ്യായങ്ങളിൽ വിശദമാക്കാം.

Comments

Post a Comment

Popular posts from this blog

കൃഷിപാഠം10 : തെളി വളങ്ങൾ ഉണ്ടാക്കുന്ന വിധം

കൃഷിപാഠം11: തെളി വളങ്ങൾ ഉണ്ടാക്കുന്ന വിധം -2

കൃഷിപാഠം 2: വിത്ത് പാകൽ

കൃഷി പാഠം 1 : വിത്ത് ശേഖരണം:-

Agricultural knowledge ..... Let's go to the field!